We boost your technical knowledge

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ ( ദീപാനിശാന്ത്‌) - നിരൂപണം


“നിത്യജീവിതത്തിലെ ഓരോ മുക്കിലും മൂലയിലും ദീപയ്ക്ക് പറയാനൊരു കഥയുണ്ട്. അതു ബസ്സിലോ നടവഴികളിലോ സിനിമകളിലോ വായിച്ചു തീര്‍ത്ത പുസ്തകത്തിലോ എവിടെയും ദീപയ്‌ക്കൊരു വീടുണ്ട്. അവിടെ കയറിയിരുന്ന് അനായാസമായി അനുഭവം പങ്കുവയ്ക്കാനുള്ള ശേഷിയും.”

“ഈ അനുഭവകഥാ സഞ്ചാരത്തിനിടയില്‍, അത്ഭുതത്തോടെയും സന്തോഷത്തോടെയും തിരിച്ചറിഞ്ഞ മറ്റൊരു സത്യം ദീപ പുതിയ കാലഘട്ടത്തിലെ പെണ്‍കുട്ടി എന്താണെന്ന് കൃത്യമായി പറഞ്ഞുതരുന്നു എന്നതാണ്. മുന്‍തലമുറ ഉപയോഗിച്ചു പഴകിയ വാക്കും നോക്കും ഉപയോഗിക്കുന്ന എഴുത്തുകാരെ നാം നിരന്തരം കണ്ടു മുട്ടുന്നു. ഇവര്‍ക്കിടയിലാണ് എന്റെ തലമുറ ഇങ്ങനെയാണ് ചിന്തിക്കുന്നത്, ചിരിക്കുന്നത്, നൊമ്പരപ്പെടുന്നത്, എന്നൊക്കെ മടികൂടാതെ ഒരുവള്‍ പറയുന്നത്. ദീപ വരഞ്ഞിടുന്ന പെണ്‍കുട്ടി ഇന്നലെയുടെ തേഞ്ഞുമാഞ്ഞ ഭാഷയോ അനുഭവമോ ചിന്തയോ നിഷേധിക്കാന്‍ ധീരതയുള്ളവളാണ്. അവള്‍ക്കു പറയാന്‍ പുതിയ കാലഘട്ടത്തിന്റെ നേരുണ്ട്. ചങ്കൂറ്റവും. അതിനൊരു മുന്‍ പിന്‍ നോട്ടത്തിന്റെ ആവശ്യകതയില്ല.”

“ദീപ രാജ്യത്തിന്റെ രാഷ്ട്രീയക്കെടുതികളെ ചോദ്യം ചെയ്യാന്‍ ശേഷിയുള്ള ഒരാളായി മാറിക്കൊണ്ടിരിക്കുമ്പോഴാണ് ഈ കുറിപ്പുകള്‍ക്ക് അടിവരയിടേണ്ടി വരുന്നത്. നാം എന്തുകഴിക്കണമെന്ന് ഭരിക്കുന്നവര്‍ തീരുമാനിക്കുന്നതിന്റെ രാഷ്ട്രീയം ഈ കുറിപ്പുകളില്‍ കാണുന്ന നന്‍മയുള്ള പെണ്‍കുട്ടിയെ അസ്വസ്ഥപ്പെടുത്തുമെന്നത് തര്‍ക്കമില്ലാത്ത കാര്യം. തുടര്‍സംഘര്‍ഷങ്ങളില്‍ ഇളകാതെ അവളുടെ സ്വപ്‌നവൃക്ഷങ്ങള്‍ കടപുഴകാതെ തലയുയര്‍ത്തി നില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ…”(കെ രേഖ എഴുതിയ അവതാരികയിൽ നിന്ന്)

കൈരളി ബുക്സാണ് പ്രസാധകർ

പുസ്തകത്തിലെ ഒരു അദ്ധ്യായം

ഒരിക്കല്‍ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ബസ്സില്‍ പോയി പഠിക്കുക എന്നതായിരുന്നു. പത്താം ക്ലാസ്സു വരെ വീടിനടുത്തുള്ള പേരാമംഗലം സ്കൂളിലേക്ക് എന്നും നടന്നാണ് പോയിരുന്നത്.ഓരോ തവണ നടന്നു പോകുമ്പോഴും ഞാനാ സ്കൂളിനെ ശപിക്കുമായിരുന്നു.എന്റെ വീടിനടുത്ത് ഈ നശിച്ച സ്കൂളില്ലായിരുന്നെങ്കില്‍ എനിക്കും ബസ്സില്‍ പോയി പഠിക്കാമായിരുന്നല്ലോ എന്നോര്‍ത്ത് സ്കൂളിലേക്കുള്ള ഇടവഴികളെ പലപ്പോഴും ശാപമുഖരിതമാക്കാറുണ്ട്.
നാട്ടിന്‍പുറത്തെ ആ സ്കൂളില്‍ നിന്ന് തൃശ്ശൂർ കേരളവര്‍മ്മ കോളേജിലേക്ക് പറിച്ചു നട്ടപ്പോള്‍ ലോകം കീഴടക്കിയ ആഹ്ലാദമായിരുന്നു.ബസ്സില്‍ സൈഡ് സീറ്റിലിരുന്ന് പുഴക്കല്‍ പാടത്തൂന്നടിക്കുന്ന കാറ്റില്‍ ശ്വാസം മുട്ടി ഇടയ്ക്ക് കൈകള്‍ കൊണ്ട് ചെവിയടച്ചും തുറന്നുമുള്ള മധുരമനോഹരയാത്ര സ്വപ്നം കണ്ട എനിക്ക് ആദ്യത്തെ ഒരാഴ്ച കൊണ്ട് തന്നെ ബസ് യാത്ര വിദ്യാര്‍ത്ഥികള്‍ക്ക് അത്ര സുഖകരമല്ലെന്ന സത്യം ബോധ്യപ്പെട്ടു.

കാട്ടുമുല്ലയും കോളാമ്പിപ്പൂക്കളും വീണു കിടക്കുന്ന ഇടവഴിയിലൂടെ (മുല്ലപ്പറമ്പ് എന്നായിരുന്നു ആ വഴിയുടെ ഇരട്ടപ്പേര്!)സ്കൂളിലേക്ക് നടന്നു പോയിരുന്ന ആ പഴയകാലം എത്ര മനോഹരമായിരുന്നെന്ന് എനിക്ക് അന്നാണ് മനസ്സിലായത്.ബസ്സിലെ കമ്പിയില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുമ്പോള്‍ ഇനിയൊരിക്കലും ആ കാലം തിരികെ കിട്ടില്ലല്ലോന്നോര്‍ത്ത് ഉള്ളില്‍ വേദന തികട്ടി വരുമായിരുന്നു.

കേരളവര്‍മ്മയില്‍ അന്നൊക്കെ പ്രീഡിഗ്രിക്കാര്‍ക്ക് ക്ലാസ്സ് ഉച്ചക്കായിരുന്നു.ഒന്നു മുതല്‍ അഞ്ചു വരെയാണ് ക്ലാസ്സ്.ക്ലാസ്സ് വിട്ട് പടിഞ്ഞാറേ കോട്ടയിലെ സ്റ്റോപ്പിലേക്ക് നടന്നെത്തുമ്പോഴെക്കും അഞ്ചരയാകും.ബസ്സ് കിട്ടി വീട്ടിലെത്തുമ്പോഴെക്കും ആറ് മണി..അതായിരുന്നു പതിവ്.

നല്ല മഴക്കാറുള്ള ദിവസമായിരുന്നു അന്ന്.ബസ്സ്റ്റോപ്പിലെത്തുമ്പോഴേക്കും ഇരുട്ട് പരക്കാന്‍ തുടങ്ങിയിരുന്നു.ഉള്ളിലെ ഭയവും ഒപ്പം പരക്കാനാരംഭിച്ചു.

ബസ്സുകളൊന്നും നിര്‍ത്തുന്നില്ല.ഒടുവില്‍ തൃശ്ശൂര്‍-ഗുരുവായൂര്‍ എന്ന ബോര്‍ഡ് കണ്ട് ഒരു ബസ്സില്‍ ചാടിക്കയറി.(എന്റെ വിജ്ഞാനചക്രവാളത്തില്‍ ഗുരുവായൂര്‍ എന്റെ വീടിന്റെ മുന്നിലൂടെ മാത്രം പോകാന്‍ കഴിയുന്ന ഒരു അത്യപൂര്‍വമേഖലയായിരുന്നു!!!)

ബസ്സ് പുറപ്പെട്ടപ്പോഴേക്കും മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങിയിരുന്നു.ഷട്ടറുകളെല്ലാം താഴ്ത്തിയിട്ടിരിക്കുന്നതു കൊണ്ട് ഒന്നും കാണാനും വയ്യ.ആകെ ഇരുട്ട്.തകര്‍ത്തു പെയ്യുന്ന മഴയുടെ ആരവം ബസ്സിനേക്കാള്‍ വേഗത്തില്‍ കാതുകളിലേക്കിരച്ചു കയറുന്നുണ്ടായിരുന്നു.ഞാന്‍ നില്‍ക്കുകയാണ്..ആ നീണ്ട ബാഗും കൂട്ടിപ്പിടിച്ച്..ഇരിക്കാന്‍ സീറ്റ് ഒഴിവുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ ഇരിക്കാന്‍ പാടില്ലെന്ന അലിഖിതനിയമം ഉള്ളതു കൊണ്ട് ഞാന്‍ ഇരുന്നില്ല.

അപ്പോഴാണ് “അവിടിരുന്നോ കുട്ട്യേ”എന്നൊരു ശബ്ദം കേട്ടത്.നോക്കിയപ്പോ ബസ്സിലെ കിളിയാണ്.ഒരു സീറ്റ് ചൂണ്ടിക്കാട്ടി ഇരുന്നോളാന്‍ പറയുന്നു.കിളികളിലും വിശാലഹൃദയരോ!!!!!!!ആദ്യമായാണ് ഇത്തരമൊരനുഭവം.

ഞാന്‍ അയാള്‍ നില്‍ക്കുന്നതിനു തൊട്ടു പിന്നിലുള്ള സീറ്റിലിരുന്നു.പുറത്തെ കാഴ്ചകളൊന്നും കാണാന്‍ കഴിയാത്തതു കൊണ്ട് സ്ഥലമെവിടെയാണെന്ന് ഒരു പിടിയും കിട്ടിയില്ല.അന്നൊക്കെ ഞാന്‍ ഇറങ്ങേണ്ട സ്ഥലം തിരിച്ചറിഞ്ഞിരുന്നത് ചില അടയാളങ്ങള്‍ നോക്കി വെച്ചാണ്.അല്ലെങ്കില്‍ കിളിയോ കണ്ടക്ടറോ ഉറക്കെ വിളിച്ചു പറയുന്നതു കേള്‍ക്കുമ്പോള്‍..മഴയുടെ ഇരമ്പലില്‍ പല സ്ഥലങ്ങളുടേയും പേരുകള്‍ കേള്‍ക്കാന്‍ കഴിയുന്നില്ല.ബസ്സില്‍ പുരുഷന്മാര്‍ നിറയാന്‍ തുടങ്ങി.എനിക്കപരിചിതമായ ചില സ്ഥലങ്ങളുടെ പേരുകള്‍ വിളിച്ചു പറയാന്‍ തുടങ്ങിയപ്പോഴാണ് അങ്കലാപ്പായത്.സമയം നോക്കിയപ്പോ ആറരയാവാറായിരിക്കുന്നു.ഈശ്വരാ..!ഇതെന്താ എത്താത്തേ?എനിക്ക് പേടിയായി..പകച്ച് പകച്ച് ഞാന്‍ കിളിയോട് ചോദിച്ചു.

“പേരാമംഗലം എത്താറായാ?”

അയാള്‍ അമ്പരപ്പില്‍ എന്നെ നോക്കി .

“കുട്ടി എവടെ നോക്കീട്ടാ കേറ്യേ?ഇത് പാവര്‍ട്ടി വണ്ട്യല്ലേ?”എന്ന വാക്കുകൾ കേട്ടപ്പോഴെക്കും “അയ്യോ ഇതെങ്ങ്ടാ പോണേ”ന്നും ചോദിച്ച് ഞാന്‍ ചാടി എണീറ്റു കഴിഞ്ഞിരുന്നു.

“പാവര്‍ട്ടി എത്താറായി കുട്ട്യേ..ഇത് അമല വഴി തിരിയണ വണ്ട്യാ”എന്നു പറഞ്ഞപ്പോഴേക്കും ഞാന്‍ കരയാനാരംഭിച്ചു ..ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട്..ഞാന്‍ കരച്ചിലടക്കി..

“സാരല്യാ..പാവര്‍ട്ടി എത്തീട്ട് മാറിക്കേറ്യാ മതി..അവിടിരുന്നോ”എന്ന അയാളുടെ വാക്കുകള്‍ എന്നെ തെല്ലും സാന്ത്വനപ്പെടുത്തിയില്ല.

പാവറട്ടി സ്റ്റാന്റിലെത്തിയപ്പോഴേക്കും മഴ നിന്നിരുന്നു.പുറത്തേക്കിറങ്ങിയപ്പോള്‍ നല്ല ഇരുട്ട്.വീട്ടില്‍ അന്ന് ഫോണ്‍ കിട്ടീട്ടില്ല..കയ്യില്‍ മൊബൈലില്ലാത്ത കാലം..പരിചയമുള്ള ഒരാളുടേയും നമ്പര്‍ ഓര്‍മ്മയിലില്ല.ഞാനാകെ ഭയന്നു..ചുറ്റും അത്രയൊന്നും സുഖകരമല്ലാത്ത കാഴ്ചകള്‍..മദ്യപിച്ച ചിലരുടെ കമന്റുകള്‍..അശ്ലീലം നിറഞ്ഞ ചിരി..ഒന്നിനും ക്ഷാമമില്ല.

“കുട്ടി ദേ ആ കെട്ക്കണ വണ്ടീക്കേറിക്കോളൂ..അത് അമലേടവടക്കുള്ള വണ്ട്യാ..അമലേടവട്ന്ന് പേരാമംഗലത്തേക്കുള്ള വണ്ടി കിട്ടും..”

പുറകില്‍ കിളിയുടെ ശബ്ദം.ഞാന്‍ നിരാലംബയെപ്പോലെ ആ ബസ്സിനു നേരെ നടന്നു.കയ്യില്‍ ആകെക്കൂടിയുള്ളത് രണ്ടോ മൂന്നോ രൂപയാണ്.വിദ്യാര്‍ത്ഥികളുടെ യാത്രാ സമയം കഴിഞ്ഞിരിക്കുന്നു.ഫുള്‍ ടിക്കറ്റെടുക്കണം.എന്റെ മുഖം കണ്ട് എന്തോ സംശയം തോന്നിയിട്ടാവണം അയാള്‍ ചോദിച്ചു.

“പൈസണ്ടാ കയ്യില്?”

ഞാന്‍ നിറകണ്ണുകളോടെ തല താഴ്ത്തി.

അയാള്‍ ഒന്നും മിണ്ടാതെ പോക്കറ്റില്‍ കയ്യിട്ടു.ഇരുപത് രൂപയുടെ ഒരു മുഷിഞ്ഞ നോട്ടും പിന്നെ കുറച്ച് ചില്ലറയും കയ്യില്‍ കിട്ടി. ചില്ലറ പോക്കറ്റില്‍ തന്നെയിട്ട് അയാള്‍ ആ ഇരുപത് രൂപാനോട്ടെടുത്ത് എനിക്കു നേരെ നീട്ടി.ഞാന്‍ ഒട്ടും മടിക്കാതെ അത് വാങ്ങി.(ലജ്ജ,അഭിമാനം തുടങ്ങിയ വികാരങ്ങള്‍ തികച്ചും സാന്ദര്‍ഭികം മാത്രമാണെന്ന സത്യം അന്നത്തെ പ്രീഡിഗ്രിക്കാരിക്ക് എളുപ്പം ബോധ്യപ്പെട്ടിരിക്കണം!!)

ഇരുട്ടത്തുള്ള ബസ്സ് യാത്രയോര്‍ത്ത് എനിക്ക് പിന്നെയും പേടി തോന്നി.വീട്ടിലെ അവസ്ഥ എന്തായിരിക്കുമെന്നോര്‍ത്തപ്പോള്‍ പേടി കൂടി.അമലയില്‍ ബസ്സിറങ്ങി അപ്പുറത്താണോ ഇപ്പുറത്താണോ ബസ്സ് കാത്തു നില്‍ക്കേണ്ടതെന്നു കൂടി എനിക്കറിയുമായിരുന്നില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.

ഞാന്‍ പതുക്കെ ബസ്സില്‍ കയറി..ബസ്സ് മുന്നോട്ടെടുത്തു.നിറയെ പുരുഷന്മാര്‍..എന്റെ ഹൃദയമിടിപ്പു കൂടി..കണ്ടക്ടര്‍ വന്നപ്പോ ഞാനാ ഇരുപതു രൂപാ നോട്ടെടുത്ത് നീട്ടി.

“തന്നിട്ടുണ്ട്”എന്ന് പറഞ്ഞ് അയാൾപ പുറകിലേക്കു ചൂണ്ടി. ഞാന്‍ അമ്പരപ്പോടെ തിരിഞ്ഞു നോക്കി. തൊട്ടുപുറകിലത്തെ സീറ്റില്‍ മൃദുവായി ചിരിച്ച് അയാളിരിക്കുന്നു.

“പേടിക്കണ്ടാ..ഈ നേരായില്ലേ..ഞാന്‍ കൊണ്ടാക്കിത്തരാം.”

ആ വാക്കുകള്‍ കേട്ടപ്പോള്‍ മറിച്ചു ചിന്തിക്കത്തക്ക സ്ത്രീപീഡനക്കേസുകള്‍ പത്രത്താളുകളില്‍ അന്ന് പ്രത്യക്ഷപ്പെട്ടിരുന്നില്ല!

ഞാന്‍ ആശ്വാസത്തോടെ ചിരിച്ചു.എന്റെ അച്ഛന്റെയോ ചേട്ടന്റേയോ കൂടെ യാത്ര ചെയ്യുന്നത്ര സുരക്ഷിതത്വം എനിക്കു തോന്നി.പുറകില്‍ അയാളുണ്ടെന്ന ധൈര്യത്തില്‍ പുറത്തെ ഇരുട്ടിനെ ഞാന്‍ കൂസലെന്യേ നോക്കി.

ബസ്സ് അമലയെത്തിയപ്പോ സമയം ഒരു പാട് വൈകിയിരുന്നു.വീട്ടില്‍ എല്ലാവരും പേടിച്ചിരിക്കുകയാവുമെന്നോര്‍ത്തപ്പോള്‍ എനിക്ക് ആധിയായി.വീടെവിട്യാന്ന് അയാള്‍ ചോദിച്ചു.ഞാന്‍ സ്ഥലം പറഞ്ഞു.”ഓട്ടോല് പൂവാലേ” എന്ന് പറഞ്ഞ് അയാള്‍ സ്റ്റാന്റിലെ ഒരു ഓട്ടോ വിളിച്ചു.അതില്‍ കയറാന്‍ ഒട്ടും ഭയം തോന്നിയില്ല.അന്നത്തെ കൌമാരക്കാരിക്ക് അയാള്‍ അപ്പോഴേക്കും രക്ഷാദൂതനായി മാറിക്കഴിഞ്ഞിരുന്നു.

വീട്ടിലെത്തുമ്പോള്‍ അമ്പരന്ന മിഴികളോടെ ബന്ധുമിത്രാദികളൊക്കെ മുറ്റത്തുണ്ടായിരുന്നു.ഞാന്‍ ഓട്ടോയില്‍ നിന്നിറങ്ങി വീട്ടിലേക്കോടി.ശകാരം,കരച്ചില്‍ തുടങ്ങിയ കലാപരിപാടികളൊക്കെ കഴിഞ്ഞപ്പോഴാണ് ഞാന്‍ അയാളെ ഓര്‍ത്തത്.ഈശ്വരാ..ഒരു നന്ദിവാക്ക് പോലും…..എന്റെ കയ്യിലപ്പോഴും അയാള്‍ തന്ന ഇരുപതുരൂപാ നോട്ടുണ്ടായിരുന്നു.

പിന്നീട് ഇടയ്ക്കൊക്കെ കോളേജ് വിട്ട് ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ബസ്സിന്റെ മുന്‍ വാതിലില്‍ അയാളെ മിന്നായം പോലെ കണ്ടിട്ടുണ്ട്.അയാള്‍ക്ക് കൊടുക്കാനുള്ള ഇരുപത് രൂപ ബാഗില്‍ കുറേക്കാലം കൊണ്ടു നടന്നു..പിന്നെപ്പിന്നെ അയാളെ കാണാതായി.പതിവുതിരക്കുകള്‍ക്കിടയില്‍ മറവിയിലേക്ക് അയാളുടെ മുഖവും മുങ്ങിപ്പോയി.

പഠിച്ച കോളേജില്‍ തന്നെ ജോലി കിട്ടി വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അയാളെ വീണ്ടും കണ്ടു.കോളേജീന്നുള്ള മടങ്ങിപ്പോക്കിനിടയില്‍ ഒരു ദിവസം…..

ശക്തൻസ്റ്റാന്റില്‍ നിന്നാണ് അന്ന് ബസ്സ് കയറിയത്.ബസ്സിന്റെ ലോങ്ങ്സീറ്റിലിരുന്ന് ടിക്കറ്റിന്റെ പൈസ ബാഗീന്നെടുത്ത് മുഖമുയര്‍ത്തി മുന്നിലേക്കു നോക്കിയപ്പോള്‍ ഡ്രൈവിങ്ങ്സീറ്റിലിരിക്കുന്ന മനുഷ്യന്‍ ആര്‍ദ്രമായി എന്നെത്തന്നെ നോക്കിയിരിക്കുന്നു.പെട്ടെന്ന് ഉള്ളിലൊരു മിന്നല്‍ പാഞ്ഞു.എന്റെ മനസ്സ് ആര്‍ദ്രമായി.ഞാന്‍ പെട്ടെന്ന് പണ്ടത്തെ പ്രീഡിഗ്രിക്കാരിയായി.ഇരുട്ടില്‍ ഒറ്റക്കായിപ്പോയ കുട്ടി!

ക്ലാസ് റൂമുകളിലേയും സൗഹൃദസദസ്സുകളിലേയും വാചാലതയൊക്കെ അമ്പരപ്പിനു വഴിമാറിക്കൊടുത്ത് മൌനത്തിലൊളിച്ചു..

ഒന്നും പറയാന്‍ കഴിയുന്നില്ല.കണ്ണ് നിറയുന്നുണ്ട്.അയാളെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ എന്റെ കണ്ണ് നിറയാറുണ്ട്..എന്റെ കണ്ണുനീര്‍ഗ്രന്ഥികള്‍ ഇടയ്ക്ക് അകാരണമായി കര്‍ത്തവ്യനിരതരാകാറുള്ളതാണ്.എന്നെ ലജ്ജിപ്പിക്കുന്ന ദൌര്‍ബല്യങ്ങളിലൊന്ന്..ഇതങ്ങനെയല്ല..ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന നന്ദിയും സ്നേഹവും കൊണ്ട് ഹൃദയം തുളുമ്പിപ്പോകുകയാണ്.. സ്നേഹാർദ്രമാവുകയാണ്.

“മനസ്സിലായാ?”

അയാള്‍ ശാന്തമായി ചോദിച്ചു.

“ഉം”

ഞാന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ തലയാട്ടി..ആ പ്രായത്തിലുള്ള ഒരാളും എന്നെ നോക്കിയിട്ടില്ലാത്തത്ര വാത്സല്യപ്പോടെ അയാള്‍ ചോദിച്ചു.

“ഇപ്പോ ടീച്ചറാലേ?”

“ഉം”

വീണ്ടും മൂളല്‍..

“ഞാന്‍ കാണാറുണ്ട്..ഇടയ്ക്ക്..ബസ്സ് കാത്ത് നിക്കണതും പോണതും..”അയാള്‍ പറഞ്ഞു..

ഞാന്‍ വെറുതെ ചിരിച്ചു..വാക്കുകളേ……. നിങ്ങളെവിടേക്കാണ് ഓടിയൊളിച്ചത്?

“റാങ്ക് കിട്ട്യേന്റേം കല്യാണം കഴിഞ്ഞേന്റേം പടം പേപ്പറീക്കണ്ടിരുന്നു..ഞാന്‍ കുറേപ്പേര്‍ക്ക് കാട്ടിക്കൊടുത്തു..ഞാനറിയണ കുട്ട്യാന്നും പറഞ്ഞ്..”

അയാള്‍ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് പറഞ്ഞു.

അയാളുടെ വാക്കുകള്‍ അതുവരെ എനിക്ക് കിട്ടിയ ഏത് സര്‍ട്ടിഫിക്കറ്റിനേക്കാളും വലുതായിരുന്നു. ഇന്നും അതിനു മുകളിൽ നിൽക്കുന്ന ഒരു സർട്ടിഫിക്കറ്റും എൻ്റെ കയ്യിലില്ല.

എന്റെ ചെറിയ ചെറിയ നേട്ടങ്ങളില്‍ ..സന്തോഷങ്ങളില്‍ അജ്ഞാതനായ ഒരാള്‍ സന്തോഷിക്കുക..ആ സന്തോഷം മറ്റുള്ളവരുമായി പങ്കു വെക്കുക..ജീവിതത്തിനു എന്തൊരു തിളക്കം..ബഷീര്‍ പറഞ്ഞപോലെ വെളിച്ചത്തിനു എന്തൊരു വെളിച്ചം!

അയാള്‍ എന്റെ ഭര്‍ത്താവിനെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെ ചോദിച്ചു..ചോദിക്കാതെ തന്നെ അയാളുടെ കുടുംബത്തെക്കുറിച്ച് ആഹ്ലാദത്തോടെ പറഞ്ഞു.. അയാളുടെ കുട്ടീടെ പേരിടീല്‍ ചടങ്ങായിരുന്നു തലേന്നെന്നൊക്കെ പറയുന്നതു കേട്ട് ഞാന്‍ വെറുതെ തലയാട്ടുക മാത്രം ചെയ്തു..ക്ലാസ്സില്‍ ടീച്ചറുടെ മുഖത്തേക്ക് നോക്കിയിരിക്കുന്ന സ്കൂള്‍കുട്ടിയെപ്പോലെ..

സ്റ്റാന്റില്‍ നിന്ന് ബസ്സ് പുറപ്പെടേണ്ട സമയമായി..അയാള്‍ പതുക്കെ വണ്ടി മുന്നോട്ടെടുത്തു..ഡ്രൈവിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു..

ഞാന്‍ പിന്നെ അയാളെ നോക്കിയില്ല…നോക്കിയാല്‍ കരഞ്ഞു പോയേക്കുമെന്നു തോന്നി..അന്നത്തെ ദിവസത്തെക്കുറിച്ചോര്‍ത്ത് പുറത്തേക്കും നോക്കിയിരുന്നു..തെളിഞ്ഞ വെയില്‍ പുറത്തുണ്ടായിരുന്നു…

അന്നത്തെ ആ മഴ പെയ്യുന്നത്‌ ഇപ്പോ എന്റെ ഉള്ളിലാണു..ഇടിയും മിന്നലുമൊന്നുമില്ലാതെ ഒരു പെരുമഴ..ഈശ്വരാ..നിറയല്ലേ..ഉള്ളു നിറഞ്ഞ്‌ പുറത്തേക്കൊഴുകല്ലേ..

അയാള്‍ തന്ന ഇരുപതുരൂപയുടെ ആ മുഷിഞ്ഞ നോട്ടിനെക്കുറിച്ചോര്‍ത്തു…ബാഗില്‍ പൈസയുണ്ട്…തിരിച്ചു കൊടുക്കണോ?

വേണ്ട…കൊടുക്കണ്ടാ…ചില കടങ്ങള്‍ വീട്ടാതെ അവശേഷിപ്പിക്കേണ്ടതായിട്ടുണ്ട്..ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓര്‍ത്തൊന്നു നെടുവീര്‍പ്പിടാന്‍…

അല്ലെങ്കിൽ തന്നെ ആ കടം വീട്ടാൻ എന്റെ ഏതു സമ്പാദ്യത്തിനു കഴിയും??

**************************************

ഓർമകൾ ദീപയുടെ അക്ഷരങ്ങൾക്കു പ്രകാശവും ഊർജവും അഴകും നൽകുന്നു. നക്ഷത്രങ്ങൾ നൽകിയ അക്ഷരം നീയെന്തുചെയ്തു എന്നു ദീപയോട് ചോദിച്ചാൽ നൽകാനുള്ള മറുപടി ദീപ്തവും സുന്ദരവുമാകുന്നു. ''ആയുധക്കടത്തുപോലെ രഹസ്യമായിരിക്കണം എല്ലാ സ്വപ്‌നസ്ഥലികളും. ആരും കാണരുത് . . . ആരോടും പറയരുത് . . . . എ.ടി.എം. കാർഡിന്റെ പിൻനമ്പർ പോലെ ഉള്ളിൽ സൂക്ഷിച്ചേക്കണം.'' എന്നു ദീപ കുറിക്കുന്നു. സ്വർണപ്പാത്രം കൊണ്ടുമൂടിയാലും സത്യം മറയ്ക്കാനാകില്ല എന്നതുപോലെ സ്വപ്‌നങ്ങളുടെ അഴകും അധികനാൾ മൂടിവയ്ക്കാനാകില്ല എന്ന സത്യം വിളിച്ചോതുന്നു, ഇതിലെ ഓരോ വരികളും. സത്യനന്മകളുടെ ഈ ദീപാവലി നമ്മെ ചിരിപ്പിക്കും. ചിന്തിപ്പിക്കും. കൂടെ നടക്കും. പ്രകാശം ചൊരിയും.


..............................അവതാരികയിൽ കെ. രേഖ
Newest
Previous
Next Post »